ഓസ്ലോ: ബലാത്സംഗക്കുറ്റം നിഷേധിച്ച് നോർവെ രാജകുമാരിയുടെ മകൻ മാരിയസ് ബോര്‍ഗ് ഹോയിബി. ഓസ്ലോ കോടതിയിൽ ആരംഭിച്ച വിചാരണയുടെ ആദ്യ ദിവസംതന്നെ തനിക്കെതിരായ ബലാത്സംഗക്കുറ്റങ്ങൾ ഹോയ്ബി നിഷേധിച്ചു.
സ്ത്രീകളുടെ അശ്ലീലചിത്രങ്ങൾ ചിത്രീകരിച്ചത്, അടുത്ത ബന്ധങ്ങളിലെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത് തുടങ്ങിയ കുറ്റങ്ങളാണു നിഷേധിച്ചത്. എന്നാൽ ലൈംഗിക അധിക്ഷേപ പെരുമാറ്റം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യം, ഡ്രൈവിംഗ് നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ 29കാരനായ ഹോയ്ബി കോടതിയിൽ സമ്മതിച്ചു. ആകെ 38 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്.
ഹോയ്ബിക്കു രാജകുടുംബവുമായി ബന്ധമുണ്ടെങ്കിലും നിയമത്തിനു മുന്നിൽ തുല്യനായിരിക്കുമെന്ന് പ്രോസിക്യൂട്ടർ സ്റ്റുർല ഹെൻറിക്സ്ബോ പറഞ്ഞു. നോര്‍വെയുടെ ഭാവി രാജ്ഞിയായ മെറ്റെ മാരിറ്റ് രാജകുമാരിയുടെ മൂത്ത മകനാണ് ഹോയിബി.
രാജകുമാരിയും അമേരിക്കന്‍ ലൈംഗിക കുറ്റവാളി എപ്സ്റ്റെയിനുമായുള്ള ബന്ധം പുറത്തുവന്നതോടെ രാജകുടുംബം വിവാദത്തിലായിരുന്നു. ഇതിനൊപ്പമാണ്, ബലാത്സംഗം അടക്കമുള്ള കേസുകളില്‍ മകൻ വിചാരണ നേരിടുന്നത്.